This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്മസ് റോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്മസ് റോസ്

റനന്‍കുലേസി (Ranunculaceae) സസ്യകുടുംബത്തില്‍പ്പെടുന്ന തോട്ടച്ചെടി. ദ്വിവര്‍ഷ ഔഷധിയാണിത്. ശാ.നാ. ഹെല്ലബോറസ് നൈഗര്‍ (Helleborus niger). ഇന്ത്യയിലെ മിക്ക മലയിടുക്കുകളിലും കുന്നിന്‍പ്രദേശങ്ങളിലും ഈ ചെടി വളരുന്നുണ്ട്. ഹെല്ലബോറസ്സിന് എട്ടു സ്പീഷീസുകളുണ്ട്. രണ്ടുവര്‍ഷംകൊണ്ടു മാത്രമേ ചെടി പ്രായപൂര്‍ത്തിയെത്തുന്നുള്ളൂ. പ്രത്യേകമായി കാണ്ഡം ഇല്ല. ചെറിയ ഒരു പ്രകന്ദത്തില്‍ (root stock) നിന്ന് വളരെ  ഭംഗിയുള്ള ഒരു വലിയ കര്‍ണിതപത്രം (lobed leaf) ഉണ്ടാകുന്നു. ഏകദേശം 35 സെ.മീ. വരെ ഉയരത്തില്‍ ഈ ഔഷധി വളരും. ഇലയുടെ ഞെടുപ്പ് 12 മുതല്‍ 18 സെ.മീ. വരെ നീളമുള്ളതാണ്.

വര്‍ഷകാലത്ത് ആണ് ക്രിസ്മസ് റോസ് പൂക്കുന്നത്. എന്നാല്‍ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മഴ കിട്ടിയാല്‍ ഈ ചെടി പുഷ്പിക്കാറുണ്ട്. പൂഞെട്ട് പ്രകന്ദത്തില്‍ നിന്നു തന്നെയാണ് ഉദ്ഭവിക്കുന്നത്. പുഷ്പങ്ങള്‍ വളരെ വലുതും വെളുപ്പുനിറമുള്ളവയുമാണ്. ഇളംചുമപ്പ്, റോസ്, ഇളംപച്ച എന്നീ നിറങ്ങളിലും പുഷ്പങ്ങളുണ്ടാകാറുണ്ട്. കൊഴിഞ്ഞു പോവാത്തതും ദളസദൃശങ്ങളുമായ അഞ്ച് ബാഹ്യദളങ്ങളുണ്ട്; അഞ്ച് ചെറിയ ദളങ്ങളും. ഇതളുകള്‍ നാളികവും ((tubular)) നഖരിത(clawed)വുമാണ്. അനേകം കേസരങ്ങളുണ്ട്. അണ്ഡാശയത്തിനു 3-10 ജനിപത്രങ്ങളാണുള്ളത്. കനം കുറഞ്ഞിരിക്കുന്ന ഫലത്തിനുള്ളില്‍ കുറേയധികം വിത്തുകളുണ്ടാകും. സംപുടം (capsule) ആയ ഫലം അഗ്രഭാഗത്ത് നിന്നാണു പൊട്ടാറുള്ളത്. പൂന്തോട്ടങ്ങളില്‍ അലങ്കാരച്ചെടിയായാണ് ക്രിസ്മസ് റോസ് വളര്‍ത്തുന്നത്.

ഉണങ്ങിയ വേരിനും പ്രകന്ദത്തിനും ഔഷധഗുണമുണ്ട്. ജലലേയമല്ലാത്ത ഹെല്ലബോറിന്‍ എന്ന വിഷാംശമുള്ള രാസവസ്തു ഇതില്‍ അടങ്ങിയിരിക്കുന്നു. ബി.സി. 1400-ല്‍ മെലമ്പസ് (Melampus) എന്ന ഭിഷഗ്വരന്‍ ഇതിനെ ഒരു ശോധനൌഷധമായി ഉപയോഗിച്ചു. അതിനാല്‍ ക്രിസ്മസ് റോസിന് മെലംപോടിയം (Melampodium) എന്നു മറ്റൊരു പേരുകൂടിയുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍